Sunday, November 8, 2009

യമുനയിലൊരു വനമലരായൊഴുകിയ ഞാന്‍..

എന്‍റെ മുജ്ജന്മം എവിടെയായിരുന്നു? ആരായിരുന്നു ഞാന്‍? ഞാന്‍ ചിന്തിച്ചു. ആദ്യമായിട്ടല്ല ഇതിനെ കുറിച്ച് ആലോചിക്കുന്നത്. എനിക്ക് ആലോചനകള്‍ അല്പം കൂടുതലാണ്. ബുദ്ധനും ശങ്കരനും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ആതേ  ചോദ്യം. ഞാന്‍ ആര്?  ഉത്തരങ്ങള്‍ പലതും എന്‍റെ മനസ്സില്‍ തെളിയാറുണ്ട്. ഒന്നിനും ഒരു പൂര്‍ണരൂപം നല്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും എന്‍റെ ചോദ്യത്തിന് താത്കാലിക വിരാമമിടുന്ന എല്ലാ ഉത്തരങ്ങളിലും പവിത്രമായ യമുനാനദിയുടെ തീരം  ഞാന്‍ ദര്‍ശിക്കാറുണ്ട്. ഇതുവരെ നേരില്‍ കാണാത്ത യമുനാനദി എങ്ങനെയാണു എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചത്? അത് യമുന തന്നെയാണെന്ന്  എങ്ങനെ മനസിലായി? ഞാന്‍ കുഴങ്ങി. ഇല്ല, എല്ലാം വെറുതെയാണ്, ഈ ആലോചിച്ചുകൂട്ടുന്നതെല്ലാം!! എന്തൊക്കെയായാലും ആരും ഒന്നും അറിഞ്ഞിട്ടില്ല, ഭാഗ്യം!! ഞാന്‍ ചിന്തിക്കുന്നതെല്ലാം  അറിയുന്നത് എന്നും കാണുന്ന, പ്രത്യക്ഷദൈവവും കര്‍മ്മസാക്ഷിയുമായ  സൂര്യഭഗവാന്‍ മാത്രം. ഞാന്‍ പതിവുപോലെ ജാലകത്തിലൂടെ നോക്കി, എന്നിട്ട് ഇതൊന്നും ആരോടും പറയല്ലേ എന്ന ഭാവത്തില്‍ സൂര്യനെ നോക്കി കണ്ണിറുക്കി! എന്നെ അതിശയിപ്പിച്ചു കൊണ്ട് പെട്ടെന്ന് മനസ്സില്‍ ആരോ ഉറക്കെ പറഞ്ഞു: "സൂര്യപുത്രിയായ യമുന". സൂര്യന്‍റെ കണ്ണുകളിലൂടെ ഇപ്പോള്‍ എനിക്ക് യമുനയെ കാണാം. ഞാന്‍ വീണ്ടും ചിന്തയില്‍ മുഴുകി..

Saturday, November 7, 2009

സംഗീതം, അനന്തസാഗരം..

സംഗീതത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങള്‍ മാത്രം. എങ്ങിലും അതില്ലാതെയുള്ള ജീവിതം ഇപ്പോള്‍ ആലോചിക്കാനേ വയ്യ! ഒരു കാര്യം ഓര്‍ത്താല്‍ എല്ലാ ജീവന്റെ തുടിപ്പിലും സംഗീതം ഉണ്ട്. ഇല്ലേ? ഹാ! എന്നാല്‍ ഉണ്ട്. ഞാന്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. സംഗീതം എന്ന മഹാസാഗരത്തിന്റെ തീരത്ത് പകയോടെ നില്‍ക്കുന്ന ക്ഷമിക്കണം, പകച്ചു നില്ക്ക്കുന്ന ഒരു കൊച്ചു കുട്ടിയില്‍ നിന്ന് ഒരു വന്‍പുലിയായി ഞാന്‍ മാറിയിരിക്കുന്നു! പുലിയെന്നു പറഞ്ഞാല്‍ പോരാ-പുപ്പുലി! - എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. എങ്ങിലും എനിക്കങ്ങനെ തോന്നി. എന്‍റെ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കും ഇത് വിശ്വസനീയമാകും. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ തന്നെ എനിക്ക് ഇത്രയും നന്നായി പാടാന്‍ കഴിയുന്നത്‌ എന്തുകൊണ്ടായിരിക്കും? ഇതിനെയായിരിക്കും ജനങ്ങള്‍ നാച്ചുറല്‍ ടാലെന്റ്റ്‌ അഥവാ "ജീനിയസ്‌" എന്നൊക്കെ പറയുന്നത്. എന്നെ സമ്മതിക്കണം അല്ലേ? പക്ഷെ അഹങ്കാരം ഒട്ടും തന്നെ തൊട്ടു തീണ്ടാത്ത ഞാന്‍ ഇപ്പോള്‍ സംഗീതം ശാസ്ത്രീയമായി തന്നെ പഠിക്കാന്‍ തീരുമാനിച്ചു. ഇനി അതിന്‍റെ ഒരു കുറവ് വേണ്ട. ലാലേട്ടന്‍ സിനിമകളിലെ ഗാനങ്ങള്‍ മാത്രം പാടി നടന്നിരുന്ന ഞാന്‍ ഇന്ന് ആദ്യമായി കര്‍ണാടക സംഗീതം ഒന്ന് പയറ്റി നോക്കി. രാഗം-മോഹനം, താളം-രൂപകം, ചതുരശ്ര ജാതി (ഇങ്ങനെയും ഒരു ജാതിയോ!) ഇതൊന്നും വകവയ്ക്കാതെ ഞാന്‍ പാടി തുടങ്ങി - "വര വീണ മൃദു പാണി, വനരുഹലോചന റാണി.. ". പക്ഷെ ഒരു പ്രശ്നം. ഞാന്‍ പാട്ട് നിര്‍ത്തി! ഇത് സിനിമ പാട്ട് പോലെ മലയാളത്തില്‍ അല്ല. സംഗതി ശുദ്ധ സംസ്കൃതമാണ് - ദേവഭാഷ! ‍അര്‍ത്ഥമറിയാതെ ഞാന്‍ പാടുന്ന പ്രശ്നമില്ല! മാത്രമല്ല, ശ്രുതി സ്വര രാഗ താള ലയങ്ങള്‍ ഇതൊക്കെ എനിക്ക് അന്യമാണ് എന്ന് മനസിലായി. ഒരു ഗുരുവുണ്ടയിരുന്നെങ്ങില്‍.. എന്നോര്‍ത്തുപോയ നിമിഷം! പക്ഷെ സാരമില്ല. ഒരു വഴി തെളിയാതിരിക്കില്ല. സംസ്കൃതം ഞാന്‍ സ്വായത്തമാക്കും. ഞാന്‍ ശാസ്ത്രീയ സംഗീതം പഠിക്കും. ഇതെന്‍റെ ശുഭാപ്തി വിശ്വാസമാണ്.അതുവരെ ഞാന്‍ ലാലേട്ടന്‍ സിനിമകളിലെ ഗാനങ്ങള്‍ മാത്രം പാടി നടക്കും.. "പ്രമദവനം വീണ്ടും.. "

അങ്ങനെ ഞാനും...

സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിങ്ങ്‌ - അറിയും തോറും അകലം കൂടുന്ന മഹാസാഗരം! അലഞ്ഞിട്ടുണ്ട് അതും തേടി. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നക്ഷത്രമെണ്ണിക്കളിച്ചവന് ഒരു വെളിപാടുണ്ടാകുന്നു - മുംബൈയിലേക്ക് വച്ച് പിടിക്കാന്‍! എന്തിനാ? കോഡിംഗ് പഠിക്കണം. അന്ധേരി വെസ്റ്റ് - മൈക്രോസോഫ്ട്‌ ഡോട്ട്നെറ്റിനെ കുറിച്ച് അറിയുവാന്‍ ചെന്നെത്തിപ്പെട്ടത്‌ പഴയ ഒരു സിംഹത്തിന്റെ കമ്പനിയില്‍ - ഉസ്താദ്‌ സി-ഷാര്‍പ് ഖാന്‍! മൂപ്പര് നല്ല ഫിറ്റാ. എന്താ? നല്ല ഒന്നാന്തരം പ്രൊജക്റ്റ്‌! കാര്യമറിയിച്ചു, ദക്ഷിണ വക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ തലക്കകത്ത് എന്താ ഉള്ളത്? ഒന്നുമില്ല! പിന്നെ കോടിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജിനെ മനസ്സില്‍ ധ്യാനിച്ച് വീബീ ലാംഗ്വേജ് ഇല്‍ ഒരു സാധനം അങ്ങലക്കി! മുഴുവിപ്പിക്കാന്‍ വിട്ടില്ല - മെയിന്‍ ഫ്രെയിം ക്രാഷ്‌!! ഉസ്താദ്‌ ഫ്ലാറ്റ്!!! മനസ്സില്‍ കംപൈലര്‍ ഉം സിരകളില്‍ ജാവാസ്ക്രിപ്റ്റ് ഉമായി അങ്ങനെ കാലം ഒരുപാട്‌.. ഒടുവില്‍ ഗുരുവിന്‍റെ കമ്പ്യൂട്ടര്‍ ഇല്‍ ഒരു പിടി വൈറസ്‌ വാരിയിട്ടു ഇന്നും തുടരുന്ന പ്രവാസം... പ്രോഗ്രാമ്മേര്സ് കി സിന്ദഗി ജോ കഭി നഹീം ഖതം ഹോ ജാതി ഹേ!ശംഭോ മഹാദേവാ!